കുഞ്ഞുങ്ങളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന സ്ക്രബ് ടൈഫസ് ..!!; അറിയാം ലക്ഷണങ്ങൾ

യുപിയിൽ ഉൾപ്പെടെ കുട്ടികളിൽ പടരുന്ന സ്ക്രബ് ടൈഫസ് രോ​ഗം ഭീതി പരത്തുന്നു. ഈ നിഗൂഢ രോഗം ബാധിച്ച് 32 കുട്ടികള്‍ ഉള്‍പ്പെടെ 40 പേരാണ് കഴിഞ്ഞ ഒരാഴ്ച യുപിയില്‍ മരിച്ചത്. ഒറിയന്‍ഷ്യ സുത്സുഗാമുഷി എന്ന ബാക്ടീരിയയാണ് സ്ക്രബ് ടൈഫസിന് കാരണമാകുന്നത്.

ലക്ഷണങ്ങൾ…

ബാക്ടീരിയ ബാധിതരായ ചെറുപ്രാണികള്‍ കടിക്കുന്നതിലൂടെയാണ് ഈ രോഗം പകരുക. പനിയും ശരീരത്തില്‍ തിണര്‍പ്പുകളുമാണ് സ്ക്രബ് ടൈഫസിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍. പ്രാണി കടിച്ച് 10 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. പനിക്കും കുളിരിനും പിന്നാലെ തലവേദന, ശരീര വേദന, പേശീ വേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും. രോഗം പുരോഗമിക്കുന്നതോടെ അവയവങ്ങളുടെ നാശം, രക്തസ്രാവം, മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവയും രോഗികള്‍ക്ക് ഉണ്ടാകുന്നു.

കേന്ദ്ര നാഡീവ്യൂഹത്തെയും ഹൃദയരക്തധമനി സംവിധാനത്തെയും, വൃക്കയെയും ശ്വാസകോശ സംവിധാനത്തെയും ഗാസ്ട്രോ ഇന്‍റസ്റ്റൈനല്‍ സംവിധാനത്തെയുമെല്ലാം ബാധിക്കുന്ന സ്ക്രബ് ടൈഫസ് ന്യുമോണിയ, മസ്തിഷ്ക വീക്കം, വൃക്ക തകരാര്‍, വയറിലും കുടലുകളിലും രക്തസ്രാവം, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം എന്നിവയിലേക്ക് നയിക്കുന്നു. മഴക്കാലത്തും മഞ്ഞുകാലത്തുമൊക്കെയാണ് ഇന്ത്യയില്‍ സ്ക്രബ് ടൈഫസ് പടരാന്‍ സാധ്യത. ഇതിനെതിരെ വാക്സീന്‍ ഒന്നും കണ്ടെത്തിയിട്ടില്ല.

തടയാൻ ചെയ്യേണ്ടത്…

സ്ക്രബ് ടൈഫസ് പിടിപെടാതിരിക്കാന്‍ കാടും പടലുമുള്ള സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ശരീരം മുഴുവന്‍ മൂടുന്ന തരത്തില്‍ കുട്ടികളെ വസ്ത്രം ധരിപ്പിക്കുന്നതും കൊതുക് വലകള്‍ ഉപയോഗിക്കുന്നതും സ്ക്രബ് ടൈഫസ് പരത്തുന്ന പ്രാണികളുടെ കടിയേല്‍ക്കാതിരിക്കാന്‍ സഹായകമാണ്. പ്രാണികളെ അകറ്റുന്ന സ്പ്രേ വീടിന്റെ ചുറ്റുവട്ടത്ത് തളിക്കുന്നതും രോഗ വ്യാപനം കുറയ്ക്കും.

Comments: 0

Your email address will not be published. Required fields are marked with *