പ്രണവ് ഇപ്പോഴും വിളിക്കാറും സംസാരിക്കാറുമുണ്ട്; തുറന്ന് പറച്ചിലുമായി പ്രണവിന്റെ ആദ്യത്തെ നായിക

മലയാളിക്ക് ഏറെ പ്രിയപ്പെട്ട നടനാണ് പ്രണവ് മോഹന്‍ലാല്‍. ആദ്യ സിനിമ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയായിരുന്നു. ചിത്രവും പ്രണവിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. രണ്ടാമതായി പ്രണവ് അഭിനയിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലായിരുന്നു. ഈ ചിത്രത്തിലാണ് പ്രണവിന് ആദ്യമായൊരു നായികയുണ്ടാകുന്നത് റേച്ചല്‍ ഡേവിഡ് എന്ന സോയ ആയിരുന്നു പ്രണവിന്റെ ആദ്യത്തെ നായിക. ഇപ്പോഴിതാ പ്രണവിനെക്കുറിച്ചും തന്റെ പുതിയ സിനിമയായ കാവലിനെക്കുറിച്ചുമുള്ള റേച്ചലിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റേച്ചല്‍ മനസ് തുറന്നത്. സോയ എന്ന പേരുമാറ്റത്തെക്കുറിച്ച് വീണ്ടും ഒറിജിനല്‍ പേരായ റേച്ചല്‍ ഡേവിഡിലേക്കുള്ള മടക്കത്തെക്കുറിച്ചുമൊക്കെ താരം മനസ് തുറക്കുന്നുണ്ട്. തന്റെ ശരിയായ പേര് റേച്ചല്‍ ഡേവിഡ് എന്നാണെന്നും എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ എത്തിയപ്പോള്‍ കഥാപാത്രത്തിന്റെ പേര് തന്നെ സ്‌ക്രീന്‍ നെയിമാക്കുകയായിരുന്നു. പക്ഷെ സോയ എന്ന ആ പേര് തനിക്ക് ഉള്‍ക്കൊള്ളാനാകാതെ വരികയായിരുന്നുവെന്നും ഇതോടെ റേച്ചല്‍ എന്ന പേര് തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും റേച്ചല്‍ പറയുന്നു.

തന്റെ നായകനായി അഭിനയിച്ച പ്രണവ് മോഹന്‍ലാലിനെക്കുറിച്ചും റേച്ചല്‍ മനസ് തുറക്കുന്നുണ്ട്. പ്രണവിന്റെ ആദ്യ നായികയാണ് റേച്ചല്‍. തന്റെ അരങ്ങേറ്റ സിനിമയായ ആദിയില്‍ പ്രണവിന് നായകയുണ്ടായിരുന്നില്ല. നായികയും പ്രണയവുമൊക്കെ പ്രണവിനുണ്ടാകുന്നത് രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. പ്രണയ ചിത്രമായിരുന്നു ഇത്. സിനിമാ മേഖലയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് പ്രണവ് എന്നാണ് റേച്ചല്‍ പറയുന്നത്. അന്നുണ്ടായ സൗഹൃദം ഇന്നും സൂക്ഷിക്കുന്നുണ്ടെന്ന് റേച്ചല്‍ പറയുന്നു. വാട്‌സ്ആപ്പും മറ്റും സജീവമായി തന്നെ ഉപയോഗിക്കുന്നയാളാണ് പ്രണവെന്നും റേച്ചല്‍ പറയുന്നു.

യാത്രകളുണ്ടെങ്കിലും എപ്പോഴും ആക്ടീവാണ് പ്രണവെന്ന് റേച്ചല്‍ പറയുന്നു. പ്രണവിലെ അഭിനേതാവിനെക്കുറിച്ച് റേച്ചല്‍ പറഞ്ഞത് സെറ്റില്‍ എത്തുമ്പോള്‍ തന്നെ തന്നിലെ നടനുമായിട്ടാണെന്നാണ്. ഈയ്യടുത്തായിരുന്നു പ്രണവിന്റെ പുതിയ സിനിമയായ ഹൃദയത്തിലെ ദര്‍ശന പാട്ട് പുറത്തിറങ്ങിയത്. പാട്ട് വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. പാട്ട് കേട്ടപ്പോള്‍ തനിക്ക് പ്രണവിനെക്കുറിച്ച് വളരെയധികം അഭിമാനം തോന്നിയെന്നാണ് റേച്ചല്‍ പറയുന്നത്. ഹൃദയം പ്രണവിനൊരു കരിയര്‍ ബ്രേക്ക് ആയിരിക്കുമെന്നും റേച്ചല്‍ പറയുന്നു. പ്രണവിനെ ഒരുപാട് എക്‌സ്‌പ്ലോര്‍ ചെയ്യാനുണ്ടെന്നും അത് പുറത്ത് കൊണ്ട് വരാന്‍ സംവിധായകര്‍ക്ക് സാധിക്കുമെന്ന് കരുതുന്നതായും റേച്ചല്‍ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *